
ദോഹ: മുൻകാല ഗൾഫ് ഫുട്ബോൾ താരങ്ങളും ഇതിഹാസങ്ങളും അണിനിരക്കുന്ന രണ്ടാമത് മുൻകാല താരങ്ങളുടെ ഗൾഫ് കപ്പ് (Gulf Cup for Veterans 2026) ഖത്തറിൽ ആവേശകരമായി പുരോഗമിക്കുന്നു. ഒക്ടോബർ 30 മുതൽ നവംബർ 5 വരെ നടക്കുന്ന ടൂർണമെന്റിലേക്ക് ആരാധകർക്ക് പൂർണ്ണമായും സൗജന്യ പ്രവേശനമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
ഗൾഫ് ഫുട്ബോൾ ഫെഡറേഷൻ ഖത്തറിലെ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റിയുമായി സഹകരിച്ചാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യെമൻ എന്നീ 8 ദേശീയ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഹമദ് അൽ കബീർ സ്റ്റേഡിയം, ഹമദ് ബിൻ ഖലീഫ സ്റ്റേഡിയം, സൗദ് ബിൻ അബ്ദുൽ റഹ്മാൻ സ്റ്റേഡിയം എന്നിവിടങ്ങളിലായി ആകെ 15 മത്സരങ്ങളാണ് നടക്കുന്നത്.
സ്റ്റേഡിയങ്ങളിൽ ഭിന്നശേഷിക്കാരായ കാണികൾക്ക് മത്സരങ്ങൾ തടസ്സമില്ലാതെ വീക്ഷിക്കുന്നതിനായി പ്രത്യേക ഇരിപ്പിടങ്ങളും സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. നവംബർ 4 വരെ തുടരുന്ന അണ്ടർ-17 ഗൾഫ് കപ്പിന്റെ മത്സരമില്ലാത്ത ദിവസങ്ങളിലാണ് മുൻകാല താരങ്ങളുടെ ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.










